കേരളത്തിൽ വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നീതി ആയോഗ് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ പ്രസംഗിച്ചു. കേരളത്തിലെ നടപടികൾ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാകണമെന്ന് മോദി ചൂണ്ടിക്കാട്ടി. വയോജനങ്ങളുടെ ക്ഷേമകാര്യങ്ങളുമായി ബന്ധപ്പെട്ട സിൽവർ ഇക്കോണമി വ്യവസ്ഥയിൽ കേരളത്തിലെ പ്രത്യേക വകുപ്പ് നിർണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗത്തിൽ സംസാരിച്ച കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി.സതീശൻ പുതിയ സർക്കാർ നടപ്പാക്കാൻ പോകുന്ന പരിഷ്കാരങ്ങളെക്കുറിച്ച് വിശദീകരിച്ചു. വയോജനങ്ങൾക്കായി വകുപ്പ് രൂപീകരിച്ചത് സൂചിപ്പിച്ചു. കേരളത്തിലെ തുറമുഖ വികസനം, എം.എസ്.എം.ഇ മേഖലയുടെ വെല്ലുവിളികൾ എന്നിവയും സതീശൻ വിശദീകരിച്ചു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടി. റവന്യു കമ്മി നേരിടാൻ ധനകാര്യ കമ്മിഷനിൽ നിന്ന് ലഭിച്ച സഹായം നിറുത്തലാക്കിയത് സംസ്ഥാനത്തിന് വൻ തിരിച്ചടിയായിരുന്നു. ഇതിന് ബദൽ സഹായം നൽകണമെന്ന് ആവശ്യപ്പെട്ടു. നീതി ആയോഗ് യോഗത്തിനിടെ പുതിയ മുഖ്യമന്ത്രിമാർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് മോദി പങ്കെടുത്തു. എല്ലാവർക്കും ഭക്ഷണം ഒരു ഹാളിലായിരുന്നെങ്കിലും മോദി കേരള മുഖ്യമന്ത്രി സതീശൻ, തമിഴ്നാട് മുഖ്യമന്ത്രി വിജയ്, പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവർക്കൊപ്പമായിരുന്നു. ജമ്മുകാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ, ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സൈനി എന്നിവരെയും മോദി ഒപ്പമിരുത്തി. പുതിയ സർക്കാരുകൾ നടപ്പാക്കാൻ പോകുന്ന തീരുമാനങ്ങളെയും പരിഷ്കാരങ്ങളെയും കുറിച്ച് മോദി അന്വേഷിച്ചതായി സതീശൻ പറഞ്ഞു. 2047ലെ വികസിത ഇന്ത്യയ്ക്കായുള്ള മാനുഷിക സമഗ്ര വികസനം എന്ന ആശയവുമായി ബന്ധപ്പെട്ട് മോദി സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്തു. 25 വയസിനു താഴെ പ്രായമുള്ള 70 കോടി യുവാക്കളെ ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾക്ക് 100 ദിവസത്തിനുള്ളിൽ, അഞ്ചു വർഷത്തിനുള്ളിൽ, 10 വർഷത്തിനുള്ളിൽ കൈവരിക്കേണ്ട ലക്ഷ്യങ്ങൾക്ക് രൂപം നൽകണമെന്നും മോദി നിർദ്ദേശിച്ചു. നീതി ആയോഗിന്റെ 11-ാം ഗവേണിംഗ് കൗൺസിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. രാജ്യത്തെ 28 മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു.#kerala #narendra_modi #sathyeshan #national_development_council #silver_economy
